തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും

അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാ​ഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല.

15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.

മകരവിളക്ക് ​ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പുൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശനം സൗകര്യം ഒരുക്കിയിട്ടുള്ളത്. പുൽമേട്ടിലേക്ക് ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളുവെന്നു ജില്ലാ ഭരണ കൂടം അറിയിച്ചു. വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴിയും ഇതേ സമയത്ത് മാത്രമേ കടത്തിവിടു.