ശബരിമല സ്വര്‍ണക്കൊള്ള; നടന് ജയറാമിന് ക്ലീന്‍ചിറ്റ്
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന് ജയറാമിന് ക്ലീന്‍ചിറ്റ് നല്കി പ്രത്യേക അന്വേഷണസംഘം. നടന് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് എസ്ഐടി നിലപാട്.സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നാണ് എസ്ഐടി കണ്ടെത്തല്‍. ജയറാമിന്റെ മൊഴിയില്‍ തീയതികള്‍ മാറിയതില്‍ ദുരൂഹതയില്ലെന്നും എസ്ഐടി നിഗമനം. ജയറാം കുറ്റപത്രത്തില്‍ പ്രധാന സാക്ഷികളില്‍ ഒരാളാകും.
കഴിഞ്ഞദിവസം കേസില്‍ എസ്ഐടി ജയറാമിനെ ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന് പോറ്റി അടക്കമുള്ളവരുമായുള്ള ബന്ധത്തേക്കുറിച്ച് നടന് വിശദീകരിച്ചു. ഉണ്ണികൃഷ്ണന് പോറ്റിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടുള്ള നീക്കത്തിലേക്കാണ് എസ്ഐടി കടന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പോറ്റിയുടെ ആവശ്യപ്രകാരം ദ്വാരപാലക പാളികളും കട്ടിളപ്പാളികളും വെച്ച് പൂജ നടത്തിയപ്പോള്‍ നിര്‍ണായക സാന്നിധ്യമായിരുന്ന നടന് ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തത്. ശബരിമലയില്‍ വെച്ചാണ് പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകള്‍ക്കായി തന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുമായിരുന്നു ജയറാമിന്റെ മൊഴി.
