Latestകേരളം

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി നാളെ വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിക്കും. ഞായര്‍ രാവിലെ 5 മുതലാണ് ദര്‍ശനം. മീനം ഒന്നു മുതല്‍ കളഭാഭിഷേകവും പടിപൂജയും ഉണ്ടാവും. പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച്‌ 19ന് രാത്രി 10ന് നടയടയ്‌ക്കും.

ശബരിമല ഉത്സവത്തിനായി മാര്‍ച്ച്‌ 22ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 23ന് പകല്‍ 11.30-നും 12-നും ഇടയില്‍ ഉത്സവത്തിന് കൊടിയേറും. 24 മുതല്‍ 31 വരെ എല്ലാ ദിവസവും ഉച്ചപൂജയ്‌ക്കു ശേഷം ഉത്സവബലി ഉണ്ടാവും. മാര്‍ച്ച്‌ 31-നാണ് പള്ളിവേട്ട. ഏപ്രില്‍ ഒന്നിനാണ് ഭഗവാന് പമ്പയില്‍ ആറാട്ട്. ഏപ്രില്‍ ഒന്നിനു രാവിലെ 9ന് സന്നിധാനത്ത് നിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നട അടയ്‌ക്കും. ദര്‍ശനം ആഗ്രഹിക്കുന്നവര്‍ വെര്‍ച്ചല്‍ ക്യു വെബ്‌സൈറ്റ് (www.sabarimalaonline.org)വഴി ദര്‍ശന സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസം വേണ്ടവര്‍ക്ക് www.onlinetdb.com എന്ന വെബ്‌സൈറ്റില്‍ മുറി ബുക്ക് ചെയ്യാം