മണ്ഡല മകരവിളക്ക് മഹോത്സവം:ശബരിമലയില്‍ 18,741 പോലീസുകാരെ വിന്യസിക്കും
സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍.ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് ഘട്ടങ്ങളായി മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവ് പൂര്‍ത്തിയാകുന്നത് വരെയുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിങ്ങനെ മൂന്നുമേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്.
എസ്.പിമാര്‍, അഡീഷണല്‍ എസ്.പി മാര്‍, ഡി.വൈ,എസ്.പിമാര്‍, ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടും.
നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തും.
തീര്‍ഥാടകരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിംഗ് എന്നിവ ഉണ്ടാകും. പ്രധാന സ്ഥലങ്ങളില്‍ കേരള പോലീസിന്റെ കമാന്‍ഡോകളെ വിന്യസിക്കും.
പ്രധാന വാഹന പാര്‍ക്കിംഗ് ഏരിയ നിലയ്ക്കല്‍ ആണെന്നും അനധികൃത പാര്‍ക്കിംഗ് അനുവദിക്കുകയില്ലെന്നും പോലീസ് മേധാവി പറഞ്ഞു. ഇവിടങ്ങളില്‍ ആവശ്യത്തിന് സി.സി. ടിവി, ശൗചാലയങ്ങള്‍ ഉറപ്പാക്കും. ഇടത്താവളങ്ങളില്‍ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാര്‍ഡ്, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ പമ്ബാതീരത്ത് ഒരുക്കിയിട്ടുണ്ട്.
ക്യൂ കോപ്ലെക്സുകളില്‍ തിരക്ക് നിയന്ത്രിക്കും. പമ്ബാ നദിക്കരയില്‍ പുതുതായി നിര്‍മ്മിച്ച ജര്‍മ്മന്‍ ഷെഡുകളില്‍ 4000 പേരെ വരെ ഉള്‍ക്കൊള്ളാനാകും.
പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാന്‍ സ്പെഷല്‍ ആന്റി തെഫ്റ്റ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എ.ഐ. അധിഷ്ഠിത സി.സി.ടി.വിയുടെ സേവനം ഉപയോഗപ്പെടുത്തും.
ഡോളി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താത്കാലിക തൊഴിലാളികളെ തിരിച്ചറിയാന്‍ പമ്ബ പോലീസ് വികസിപ്പിച്ച ആപ്പ് ഉപയോഗിക്കും. ആംബുലന്‍സുകള്‍ക്ക് പ്രത്യേക പാത ഉറപ്പാക്കും.
പോലീസ്, ജില്ലാ ഭരണകൂടം, അഗ്നിരക്ഷാ സേന, ആരോഗ്യം, ജലവിഭവ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ദേവസ്വം, കെ.എസ്.ആര്.ടി.സി. എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റര്‍ഗ്രേറ്റഡ് കണ്ട്രോള് റൂം പമ്ബയില്‍ പ്രവര്‍ത്തിക്കും.
