സാമന്തയുടെ സമർപ്പണം അഭിനന്ദനാർഹം; പ്രശംസിച്ച് ഉണ്ണി മുകുന്ദൻ

സാമന്തയുടെ സമർപ്പണം വളരെ അഭിനന്ദനാർഹമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. യശോദയുടേത് വളരെ നല്ല കൊമേഴ്സ്യൽ സിനിമ തിരക്കഥയാണെന്നും ചെയ്യുന്ന കഥാപാത്രം വളരെ പ്രതീക്ഷ നൽകുന്നതാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സാമന്തയ്ക്കൊപ്പം അഭിനയിച്ചത് വലിയ അനുഭവമായിരുന്നെന്നും ഉണ്ണി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. 

വളരെയധികം അർപ്പണബോധമുള്ള കഠിനാധ്വാനിയായ നടിയാണ് സാമന്ത. ഫൈറ്റ് രംഗങ്ങളും വൈകാരിക രംഗങ്ങളും ഉൾപ്പെടുന്ന ഈ കഥാപാത്രത്തിനായി അവർ വളരെയധികം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സെറ്റിലെ മറ്റ് കലാകാരൻമാരുമായി നല്ല ബന്ധമാണ് അവർ കാത്തുസൂക്ഷിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

ശ്രീദേവി മൂവീസിന്‍റെ ബാനറിൽ ശിവലെൻക കൃഷ്ണ പ്രസാദാണ് സാമന്തയെ കേന്ദ്രകഥാപാത്രമാക്കി യശോദ ഒരുക്കുന്നത്. ഹരി-ഹരീഷ് ജോഡി സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിന്‍റെ പ്രിയ നടൻ ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘ജനതാ ഗാരേജ്’, ‘ഭാഗമതി’, ‘ഖിലാഡി’ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഉണ്ണിയുടെ തെലുങ്ക് ചിത്രമാണ് യശോദ.