കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തിൽ ബാലാജി അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും തുടർന്ന് വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ ഉദ്യോഗസ്ഥർ അറസ്റ് ചെയ്തത്. ചൊവ്വാഴ്‌ച രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലർച്ചെ 2:30ക്കാണ്. ഇന്ന് പുലർച്ചെ അറസ്റ് ചെയ്ത ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ സെന്തിൽ ബാലാജിക്ക് ബോധം ഉണ്ടായിരുന്നില്ല എന്നും അറസ്റ്റിന്റെ കാരണം അറിയിച്ചിട്ടില്ല എന്നും ആരോപിച്ച് ഡിഎംകെയുടെ രാജ്യസഭാ എംപി എൻആർ ഇളങ്കോ രംഗത്തെത്തി. “ഒരാളെയും കാണാൻ അദ്ദേഹത്തെ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. പുലർച്ചെ 2 മണിക്ക് പെട്ടെന്ന് അവനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. ഓമണ്ടുരാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന് ബോധമില്ലായിരുന്നു. തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ അറസ്റ്റാണ് ഉണ്ടായത്. അറസ്റ്റിന്റെ കാരണം അദ്ദേഹത്തെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചിട്ടില്ല. ” – എൻആർ ഇളങ്കോ വ്യക്തമാക്കി.