സർപ്പ’യിലൂടെ പിടിയിലായത് രണ്ടായിരത്തിൽ അധികം പാമ്പുകൾ

കണ്ണൂർ | സംസ്ഥാന സർക്കാരിന്റെ സർപ്പ ആപ്പ്‌ വന്നശേഷം ജില്ലയിൽ പാമ്പുകളെ കൊല്ലുന്നതും ദ്രോഹിക്കുന്നതും ഗണ്യമായി കുറഞ്ഞു. ആപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷം ജില്ലയിൽ നിന്ന്‌ പിടികൂടിയത്‌ രണ്ടായിരത്തിൽ അധികം പാമ്പുകളെ. ലൈസൻസുള്ള 33 വളന്റിയർമാരാണ്‌ സർപ്പയിലൂടെ ജനങ്ങളുടെ ഭീതിയകറ്റുന്നത്‌.

പാമ്പുപിടിച്ച്‌ പരിചയമുള്ളവർക്ക്‌ വനം വകുപ്പാണ്‌ ലൈസൻസ്‌ നൽകുന്നത്‌. വിഷപ്പാമ്പുകളെ പിടിച്ചാൽ വനം വകുപ്പിന്‌ കൈമാറും. വിഷമില്ലാത്തവയെ ആവാസ കേന്ദ്രങ്ങളിൽ തുറന്നു‌വിടും. പാമ്പ് കടിയേറ്റാലുടൻ പ്രവേശിപ്പിക്കേണ്ട ആശുപത്രികളുടെ വിവരവും ആപ്പിലുണ്ട്‌. ജനവാസ മേഖലയിൽ പാമ്പിനെ കണ്ടാൽ ആപ്പിലും റിപ്പോർട്ട്‌ ചെയ്യാം. അര മണിക്കൂറിനകം മറുപടി ലഭിക്കും.

പാമ്പുപിടിത്തം ഹോബിയാക്കുന്നതും സുരക്ഷ പാലിക്കാത്തതും ഗുരുതര കുറ്റമാണ്‌. ആദ്യം കരുതൽ നൽകേണ്ടത്‌ സ്വന്തം സുരക്ഷയ്‌ക്കാണ്‌. പാമ്പിന്‌ പരിക്കേൽക്കാതിരിക്കാനും കൂടി നിൽക്കുന്നവർക്ക്‌ കടി ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണം.