ഒരു സ്കൂള്‍ കോമ്പൗണ്ടും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ല; മന്ത്രി വി ശിവൻകുട്ടി
കേരളത്തിലെ ഒരു സ്കൂള്‍ കോമ്പൗണ്ടും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.ആറ്റുകാല്‍ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി 400 മുതല്‍ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുത്ത സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂള്‍ സമയത്ത് വിദ്യാർത്ഥികളല്ലാത്ത പുറത്തുനിന്നുള്ളവർ ആരും തന്നെ ക്യാമ്പസിനുള്ളില്‍ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവ് നിലവിലുള്ളതാണ്. സ്കൂള്‍ ക്യാമ്പസിനുള്ളില്‍ അനധികൃതമായി തട്ടുകട പ്രവർത്തിപ്പിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് ഉടൻ നീക്കം ചെയ്യാൻ പൊലീസിന് നിർദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
പാരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെയും പൂർവ വിദ്യാർത്ഥി സംഘടനകളുടെയും പ്രവർത്തനങ്ങള്‍ക്കായി പുതിയ ബൈലോ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വർത്തമാന കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പിടിഎയുടെ പ്രവർത്തന ശൈലിയിലും അധികാരങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരും. പാരന്റ് ടീച്ചേഴ്സ് അസോസിയേഷനുകള്‍ നിയമപരമല്ലാത്ത രീതിയില്‍ പ്രവർത്തിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്നും അത്തരം കമ്മിറ്റികളെ ഒഴിവാക്കാനുള്ള ഉത്തരവ് ഗവണ്‍മെന്റ് പുറപ്പെടുവിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
