Latestകേരളം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങി പൊതു അവധി ദിനങ്ങള്‍ റദ്ദാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിശേഷ ദിനങ്ങളില്‍ പൊതു അവധി കൊടുക്കുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.സ്വാതന്ത്ര്യ ദിനം , ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങി പൊതു അവധി ദിനങ്ങള്‍ റദ്ദാക്കാനാണു വിധി. പകരം അറിവും വിജ്ഞാനവും പകർന്നുനല്‍കുന്നതിനുള്ള ദിനങ്ങളാക്കി മാറ്റാനാണ് കമീഷന്റെ നിർദേശം.

കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി. മനോജ്കുമാർ അംഗങ്ങളായ കെ.കെ. ഷാജു, ഡോ. എഫ്. വില്‍സണ്‍ എന്നിവരുടെ ഫുള്‍ ബഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടർക്കും വനിതാ ശിശുവികസന സെക്രട്ടറിക്കും കമ്മിഷൻ നിർദേശം നല്‍കി.

സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെ കുറിച്ചും പഠിപ്പിക്കണം എന്നാണ് ബാലാവകാശ കമ്മീഷൻ പറയുന്നത്. ഭരണഘടനാ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്യത്തിന്‍റെ ഭരണഘടനയെ കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കണം എന്നാണ് പുതിയ ചട്ടം. ഗാന്ധിജയന്തിക്ക് പരിസ്ഥിതി സംരക്ഷണത്തിന്‍റെയും പരിസര ശുചിത്വത്തിന്‍റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പ്രവർത്തനങ്ങള്‍ സ്കൂളുകളില്‍ സംഘടിപ്പിക്കണം.

ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ തുടങ്ങിയ ദിനങ്ങളില്‍ മനുഷ്യർ തമ്മിലുള്ള സഹകരണം, പരസ്പര ബഹുമാനം, ഐക്യം, അഖണ്ഡത, സമത്വം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകരുന്ന പദ്ധതികളും പരിപാടികളും നടപ്പാക്കണം. ദിനാചരണങ്ങള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയില്‍ കുട്ടികളുടെ നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കണം.

ശ്രീനാരായണ ഗുരു ജയന്തി, സമാധി എന്നീ ദിവസങ്ങളില്‍ ഗുരുവിന്‍റേയും നവോത്ഥാന നയകരുടെയും സന്ദേശങ്ങള്‍ ഉള്‍ക്കെണ്ട ബോധവല്‍ക്കരണ ക്ലാസുകളും കുട്ടികളുടെ നേതൃത്വത്തില്‍ സംവാദ സദസുകളും സംഘടിപ്പിക്കണം. അയ്യങ്കാളിയുടെ ജന്മദിനത്തില്‍ വിദ്യാഭ്യാസ അവകാശ ദിനമായി ആചരിക്കുകയും സ്കൂളുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം. വായനാദിനം, പരിസ്ഥിതിദിനം തുടങ്ങിയ ദിവസങ്ങളില്‍ ഒരു ദിവസത്തെ പ്രവർത്തനത്തില്‍ ഒതുക്കിനിർത്താതെ വിദ്യാർഥികളുടെ ജീവിതത്തിലുടനീളം തുടരുന്ന സംസ്ക്കാരമായി വളർത്തിയെടുക്കാനുള്ള പദ്ധതികള്‍ നടപ്പാക്കണം.

സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ്, സ്പെഷ്യല്‍ സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ ദിനാചരണ പരിപാടികളില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ഐക്യസ്വഭാവം ഉള്ളതാവാൻ സ്കൂളുകള്‍ ശ്രദ്ധിക്കണം. ഭാരതത്തിന്‍റെ ഭരണഘടന പുസ്തകം കേരളത്തിലെ മുഴുവൻ സ്കൂള്‍ ലൈബ്രറികളിലും വാങ്ങി സൂക്ഷിക്കുകയും അവ കുട്ടികള്‍ക്ക് വായനയ്‌ക്കും റഫറൻസിനും ലഭ്യമാക്കകയും ചെയ്യണം.

ശുപാർശകളിൻമേല്‍ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 60 ദിവസത്തിനകം കമ്മിഷനില്‍ സമർപ്പിക്കണം. 2005-ലെ ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മിഷനുകള്‍ ആക്ടിലെ വകുപ്പ്15 പ്രകാരമാണ് സർക്കാരിന് ശുപാർശകള്‍ നല്‍കിയത്.