Latestകേരളം

സ്കൂള്‍ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതല്‍ പത്താം ക്ലാസ് സിലബസില്‍ 25 ശതമാനം കുറവ്

സംസ്ഥാനത്തെ സ്കൂള്‍ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതല്‍ പത്താം ക്ലാസ് സിലബസില്‍ 25 ശതമാനം കുറവ് വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നിലവില്‍ സിലബസ് കൂടുതലാണെന്ന വിദ്യാർത്ഥികളുടെ പരാതി പരിഗണിച്ചാണ് ഈ തീരുമാനം. പത്താം ക്ലാസിലെ സോഷ്യല്‍ സയൻസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കൊല്ലത്ത് നടന്ന ചടങ്ങില്‍ മന്ത്രി വ്യക്തമാക്കി.

കൊല്ലം തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ച്‌ നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിർവഹിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മിഥുന്റെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് സ്കൂളില്‍ ജോലി നല്‍കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വാഗ്ദാനങ്ങള്‍ നല്‍കി പണം പിരിച്ച ശേഷം വീട് നിർമ്മിച്ച്‌ നല്‍കാത്തവർ ഉള്ള കാലത്ത്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.