17,000 സ്കൂള്‍ ബസുകളുടെ പരിശോധന പൂർത്തിയാക്കി മോട്ടർ വാഹനവകുപ്പ്
സംസ്ഥാനത്ത് 17,000 സ്കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തീകരിച്ചെന്ന് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ എസ്.ശ്രീജിത്ത്. മോട്ടര്‍ വാഹനവകുപ്പ് പുറപ്പെടുവിച്ച 56 ഇന നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാണ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നത്. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ വാഹനങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കാനാണ് മോട്ടര്‍ വാഹനവകുപ്പ് ലക്ഷ്യമിടുന്നതെന്ന് കമ്മിഷണർ വ്യക്തമാക്കി.
പരിശോധിച്ച 3,000 വാഹനങ്ങളില്‍ വീഴ്ച കണ്ടെത്തി. പോരായ്മകള്‍ പരിഹരിച്ച് ഈ വാഹനങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണം. വാഹനങ്ങളിലെ ഇരിപ്പിടങ്ങള്‍, വേഗത നിയന്ത്രണം, ജിപിഎസ് എന്നിവയിലാണ് വീഴ്ചകള്‍ കണ്ടെത്തിയിട്ടുള്ളത്. വാഹനങ്ങളില്‍ കൂട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സ്കൂള്‍ തുറന്നശേഷം സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികളെ പതിവായി കൊണ്ടു പോകുന്ന ടാക്സി വാഹനങ്ങളെ റോഡില്‍ പരിശോധിക്കാനാണ് നീക്കം.