പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്ക്കുക. ആറ് മുതൽ 10 വരെ 220 പ്രവൃത്തി ദിനങ്ങൾ ആയി തുടരും. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കെ,എസ്.ടി.എ ഒഴികെയുള്ള അധ്യാപക സംഘടനകൾ ഇതിനെ എതിർത്തു.
ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കലണ്ടറിനെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കുകയാണെന്ന് കെ.എസ്.ടി.യുവിന്‍റെ ആരോപണം. ഈ അധ്യയന വർഷം തീരുന്ന 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത്.
പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ആറു ശനിയാഴ്ചകളിൽ അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നൽകാനും നിർദേശമുണ്ട്. എന്നാൽ, ഈ ദിവസങ്ങളിൽ കുട്ടികളെ ആരു പഠിപ്പിക്കുമെന്നതിലും വ്യക്തതയില്ലെന്ന് അധ്യാപകർ പറയുന്നു. അതേസമയം, 220 അധ്യയന ദിവസങ്ങൾ നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കേണ്ടി വന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന വിശദീകരണം.