Latestകേരളം

കേരള തീരത്ത് കടല്‍ക്ഷോഭവും കള്ളക്കടല്‍ പ്രതിഭാസവും, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടല്‍ തീരങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.4 മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.അതേസമയം, കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ബുധനാഴ്ച രാത്രി 08.30 വരെ 1.5 മുതല്‍ 1.7 മീറ്റർ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.