ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ
കോഴിക്കോട് താമരശ്ശേരിയിലെ സ്കൂള്‍ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപണം നേരിടുന്ന സഹവിദ്യാർഥികള്‍ക്ക് പഠനവിലക്ക് പാടില്ലെന്ന് നിർദേശിച്ച് ബാലാവകാശ കമ്മിഷൻ.ആറു വിദ്യാർഥികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമാണെന്ന് കമ്മിഷൻ വിലയിരുത്തി. ഞായറാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ച് റിപ്പോർട്ട് നല്‍കണമെന്നാണ് ഉത്തരവിലുള്ളത്.
വിദ്യാർഥികള്‍ക്ക് പരീക്ഷയെഴുതാൻ അനുമതി നല്‍കിയതിനെതിരേ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഫലം തടഞ്ഞുവെക്കാനും മൂന്നുവർഷത്തേക്ക് പരീക്ഷയെഴുതുന്നത് വിലക്കാനും കേരള പൊതുപരീക്ഷാ ബോർഡാണ് തീരുമാനിച്ചത്. ഇതനുസരിച്ച് പരീക്ഷാകമ്മിഷണർ ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരേയാണ് കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ കമ്മിഷനെ സമീപിച്ചത്.