പൊലീസ് വേഷത്തില്‍ ഷെയിന്‍; ‘വേല’യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ശ്യാം ശശിയുടെ ‘വേല’ എന്ന ചിത്രത്തിലെ ഷെയിൻ നിഗത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു പൊലീസുകാരന്‍റെ വേഷത്തിലാണ് ഷെയിൻ എത്തുന്നത്. ഷെയിനിന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ പൊലീസ് കഥാപാത്രം കൂടിയാണിത്. സണ്ണി വെയ്നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിലാണ് വേല ഒരുക്കുന്നത്. ഷെയിൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, അദിതി ബാലൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രൈം ഡ്രാമ സ്വഭാവമുള്ള സിനിമയായ വേലയുടെ തിരക്കഥയൊരുക്കുന്നത് എം സജാസ് ആണ്.

സിൻ സിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൽ ബാദുഷ പ്രൊഡക്ഷൻസ് കോ പ്രൊഡ്യൂസറാണ്. വിക്രം വേദ, കൈതി തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ സാം സി എസ് ആണ് വേലയ്ക്ക് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുരേഷ് രാജനും വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണനും കൈകാര്യം ചെയ്യുന്നു.