ദസറാ റാലികള്‍ക്ക് ആളെ എത്തിക്കാന്‍ 1800 ബസുകൾ ബുക്ക് ചെയ്ത് ഷിൻഡേ-ഉദ്ധവ് പക്ഷങ്ങള്‍

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ-ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ കൂറ്റൻ ദസറ റാലികൾ സംഘടിപ്പിച്ച് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ റാലിയിൽ പങ്കെടുപ്പിക്കുന്നതിനായി 1,800 ബസുകളാണ് ഇരുവിഭാഗവും ബുക്ക് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എം.എസ്.ആർ.ടി.സി) ബസുകളാണ് ബുധനാഴ്ചത്തെ റാലികൾക്കായി പ്രധാനമായും ബുക്ക് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള വിവിധ വ്യക്തികൾ ബസുകൾക്കായി മുൻകൂറായി പണം നൽകിയിട്ടുണ്ടെന്ന് റോഡ് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.

ശിവസേനയുടെ വിമത വിഭാഗങ്ങളിലെ പ്രവര്‍ത്തകരെ റാലിക്കായി എത്തിക്കാന്‍ സ്‌കൂള്‍ ഗതാഗത സര്‍വീസുകളൊഴികെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ എല്ലാ ഗ്രാമീണ മേഖലാ സര്‍വീസുകളും തിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഇതൊന്നും ദൈനംദിന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് റോഡ് കോർപ്പറേഷൻ ജനറൽ മാനേജർ ശിവജി ജഗ്ദീപ് പറഞ്ഞു. സാധാരണ സർവീസുകളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും എല്ലാ വർഷത്തെയും പോലെ നവമിയും ദശമിയും അവധി ദിവസങ്ങളായതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ 45 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും ദൈനംദിന സർവീസ് പൂർത്തിയായതിന് ശേഷം മാത്രമേ ബസുകൾ റാലികൾക്ക് അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഔറംഗബാദ്, ബീഡ് ജില്ലകളിൽ നിന്ന് 450 ബസുകളും വടക്കൻ ജില്ലകളിൽ നിന്ന് 686 ബസുകളും ബുക്ക് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പോസ്റ്ററുകള്‍ പതിച്ചാണ് ബസുകള്‍ യാത്ര തിരിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിമാരുള്‍പ്പെടെ പ്രമുഖരും വിവിധയിടങ്ങളില്‍ എത്തിയിട്ടുണ്ട്. ബുധനാഴ്ചത്തെ റാലികൾ ഷിൻഡെ വിഭാഗവും താക്കറെ വിഭാഗവും തമ്മിലുള്ള മത്സരമായിരിക്കും.