ജൂലൈ മുതല്‍ സര്‍ചാര്‍ജില്‍ ഒരു പൈസ കുറയും; ഈടാക്കുക യൂണിറ്റിന് 18 പൈസ.

തിരുവനന്തപുരം: ജൂലൈ ഒന്നുമുതല്‍ ഈടാക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവില്‍ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. ഇതാണ് 18 പൈസയായി കുറയുക.

ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് സ്വയം ഈടാക്കുന്ന 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്താണ് 19 പൈസ സര്‍ചാര്‍ജ് ആയി ഈടാക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ബോര്‍ഡ് ചെലവഴിച്ച തുകയില്‍ നേരിയ കുറവ് വന്ന സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് ഈടാക്കുന്ന സര്‍ചാര്‍ജ് 9 പൈസയായി കുറഞ്ഞതോടെയാണ് ഒരു പൈസയുടെ കുറവ്. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസ സര്‍ചാര്‍ജ് പിരിക്കുന്നത് അടുത്ത ആറുമാസത്തിലേറെ തുടരും.