എസ്‌ഐആര്‍ ഡ്യൂട്ടിക്ക് വിദ്യാര്‍ഥികള്‍ വേണ്ട: പഠനം തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്ന് വി. ശിവൻകുട്ടി
സ്ഥാനത്തെ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട ജോലികള്‍ക്ക് വിദ്യാർഥികളെ ഉപയോഗിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്ത്. എൻ.എസ്.എസ്, എൻ.സി.സി. വോളന്റിയർമാരായ വിദ്യാർഥികളെ തിരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം വിദ്യാർഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവില്‍ സ്‌കൂളുകളില്‍ അധ്യയനം പൂർണതോതില്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. പൊതുപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പരീക്ഷകള്‍ അടുത്തിരിക്കെ, 10 ദിവസത്തിലധികം വിദ്യാർഥികളെ ക്ലാസ്സുകളില്‍ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അവകാശ നിയമം (RTE) അനുസരിച്ച് വിദ്യാർഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങള്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കും എൻ.എസ്.എസ്, എൻ.സി.സി. എന്നിവ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും, അധ്യയന ദിവസങ്ങളില്‍ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികള്‍ക്കും ഫീല്‍ഡ് വർക്കുകള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടർ പട്ടികയുടെ തീവ്ര പരിശോധനയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ പ്രവർത്തിക്കുന്ന 5,626 പേരെയാണ് ബൂത്ത് ലെവല്‍ ഓഫിസർമാരായി (BLO) നിയോഗിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
