Latestകേരളം

കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ അമ്പരിപ്പിക്കുന്ന വിജയം കരസ്ഥമാക്കി സിസ്റ്റര്‍ സബീന

കല്‍പ്പറ്റ: കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ അമ്പരിപ്പിക്കുന്ന വിജയം കരസ്ഥമാക്കി സിസ്റ്റര്‍ സബീന. സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിലായിരുന്നു മുന്‍ കായിക താരത്തിന്റെ മിന്നുന്ന പ്രകടനം. കന്യാസ്ത്രീ വേഷത്തിലുള്ള സബീനയുടെ പ്രകടനം കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. 55 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്ന സബീന മത്സരിച്ചത്.

മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റര്‍ സബീന. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തിലും പങ്കെടുത്തിരുന്നു. കോളേജ് പഠന കാലത്ത് ഇന്റര്‍വേഴ്‌സിറ്റി മത്സരങ്ങളിലടക്കം അമ്പരപ്പിക്കുന്ന പ്രകടം കാഴ്ചവെക്കാറുണ്ടായിരുന്നു. എന്നാല്‍ അധ്യാപികയായതില്‍ പിന്നെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന മീറ്റേഴ്‌സില്‍ ഇത്തരത്തിലൊരു അവസരം വിട്ടുകളയാന്‍ സബീനയ്ക്ക് തോന്നിയില്ല.

അടുത്ത മാസം വിരമിക്കാനിരിക്കെയാണ് സബീന മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. വിരമിക്കുന്നതിന് മുന്‍പ് മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഹര്‍ഡില്‍സില്‍ പങ്കെടുത്തത്. നാളെ നടക്കാനിരിക്കുന്ന ഹാമര്‍ത്രോ മത്സരത്തിലും സബീന പങ്കെടുക്കുന്നുണ്ട്