ചിലര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു; എഐസിസി നേതൃത്വത്തെ വിമർശിച്ച് തരൂര്‍
ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ. ഗാന്ധി കുടുംബത്തിനും തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും അതീതമായി കാര്യങ്ങൾ നിയന്ത്രിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് തരൂർ ആരോപിച്ചു. അതേസമയം പിസിസികൾക്കെതിരായ തരൂരിന്റെ പരാതി തിരഞ്ഞെടുപ്പ് സമിതി ഉടൻ പരിഗണിക്കില്ല.
മല്ലികാർജുൻ ഖാർഗെയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണമാണ് നൽകുന്നത്. പ്രമുഖ നേതാക്കളെല്ലാം ഖാർഗെയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. മറുവശത്ത് ആള്‍ബലമില്ലാതെ ശശി തരൂർ ഉണ്ട്. പിന്തുണച്ചവർ പോലും പേടിച്ചിട്ടെന്നോണം മാറി നിൽക്കുകയാണ്. കൂടാതെ, അപൂർണ്ണമായ ഒരു വോട്ടർ പട്ടികയും ഉണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ എഐസിസി തലപ്പത്ത് നിന്ന് ഉന്നതതല ഇടപെടൽ ഉണ്ടായെന്നാണ് തരൂരിന്റെ വിലയിരുത്തൽ. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും തിരഞ്ഞെടുപ്പ് കമ്മിറ്റിയും ആവർത്തിച്ച് പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് മുഴുവൻ സംവിധാനവും ഖാർഗെയ്ക്ക് പിന്നിൽ അണിനിരക്കുന്നതെന്നും തരൂർ ചോദിച്ചു.
ഉന്നതരിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടെന്ന് വോട്ടർമാർ തന്നോട് പറഞ്ഞതായി തരൂർ ചില ഇംഗ്ലീഷ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത് ആരാണെന്ന് തരൂർ വ്യക്തമാക്കിയിട്ടില്ല. ഈ സമ്മർദം ഉണ്ടാകുമ്പോൾ പ്രചാരണത്തിൽ മിതമായ പ്രതികരണം മാത്രമേ ഉണ്ടാകൂ എന്നാണ് ശശി തരൂർ ക്യാമ്പിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച പി.സി.സികൾക്കെതിരായ ശശി തരൂരിന്റെ പരാതിയിൽ തുടർനടപടി വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചത്.
അതേസമയം, മുലായം സിംഗ് യാദവിനോടുള്ള ആദര സൂചകമായി തരൂർ ഉത്തർപ്രദേശിൽ ഇന്ന് നടത്താനിരുന്ന പ്രചാരണം റദ്ദാക്കി. മല്ലികാർജുൻ ഖാർഗെ കൊൽക്കത്തയിലും അസമിലും പ്രചാരണത്തിനിറങ്ങുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെ അസമിലേക്ക് വിളിച്ചുവരുത്തിയാണ് ഖാർഗെ വോട്ട് തേടുന്നത്. തരൂരിന്റെ പ്രചാരണം സജീവമായതോടെ ഖാർഗെയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.