സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും
കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷ സ്ഥാനത്തെ കാലാവധി അവസാനിച്ച സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലേക്ക്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കാണ് അദ്ദേഹം മത്സരിക്കുക. ചൊവ്വാഴ്ച ഗാംഗുലി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ശനിയാഴ്ചയാണ്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഈ മാസം 31 ന് നടക്കും.
സിഎബിയുടെ മുൻ പ്രസിഡന്‍റാണ് ഗാംഗുലി. ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷ് നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയാണ്.
സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജർ ബിന്നി മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്, നിലവിലെ സെക്രട്ടറി ജയ് ഷാ തല്‍സ്ഥാനത്ത് തുടരും.
മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് ആശിഷ് ഷെലാർ ബി.സി.സി.ഐയുടെ പുതിയ ട്രഷററാകും. ദേവ്ജിത് സൈക്കിയയാണ് പുതിയ ജോയിന്‍റ് സെക്രട്ടറി. 18 ന് നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.
ബിസിസിഐ മുൻ പ്രസിഡന്‍റ് എൻ ശ്രീനിവാസൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡന്‍റ് എന്ന നിലയിൽ ഗാംഗുലി ഒന്നും ചെയ്തിട്ടില്ലെന്നും, സമ്പൂർണ്ണ പരാജയമാണെന്നും ശ്രീനിവാസൻ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.