മഥുരയില്‍ ഗുരുവായൂര്‍ മാതൃകയില്‍ ശ്രീകൃഷ്ണ ക്ഷേത്രമുയരുന്നു; ചെലവ് 120 കോടി
ഗുരുവായൂര്‍: ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂർ മാതൃകയിലുള്ള ക്ഷേത്രം വരുന്നു. 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തില്‍ ക്ഷേത്രത്തിന്റെ തനിപ്പകര്‍പ്പ് ഉയരുക. ബെംഗളൂരു ആസ്ഥാനമായ, ആഗോളതലത്തില്‍ മെഡിറ്റേഷന്‍-ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ശൃംഖലകളുള്ള മോഹന്‍ജി ഫൗണ്ടേഷനാണ് ക്ഷേത്രം പണിയുക. 120 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്.
വ്യാഴാഴ്ച ഗുരുവായൂര്‍ തന്ത്രിമഠത്തില്‍ നിര്‍മാണത്തിന്റെ ആചാര്യവരണവും രൂപരേഖ കൈമാറലും നടന്നു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയാണ് ആചാര്യൻ. വാസ്തുശാസ്ത്രത്തിന് പേരുകേട്ട കണിപ്പയ്യൂർ മനയിലെ കുട്ടൻ നമ്പൂതിരിപ്പാടാണ് കണക്കുകളും രൂപരേഖയും തയ്യാറാക്കിയത്. മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി ഇത് തന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. കുട്ടന്‍ നമ്പൂതിരിപ്പാട്, ഫൗണ്ടേഷന്‍ സി.ഇ.ഒ. മധുസൂദനന്‍ രാജഗോപാല്‍, പ്രവര്‍ത്തകരായ മിലിറ്റ്‌സ, പി. മധു, ടി.എം. അനുജന്‍, ജയന്‍ ബിലാത്തിക്കുളം, ഗുരുവായൂര്‍ ദേവസ്വം അസി. എന്‍ജിനീയര്‍ നാരായണന്‍ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുരുവായൂര്‍ ക്ഷേത്രം 69 സെന്റിലാണ്. ഉയരത്തിലും വിസ്തൃതിയിലും അളവുകള്‍ ചെറുതായി കുറച്ചാണ് വൃന്ദാവനത്തിലെ പണി. ക്ഷേത്രനിര്‍മാണത്തിന് അനുയോജ്യമായ ഉത്തരായനകാലമായ ജനുവരി 15 മുതല്‍ ജൂലായ് 15 വരെയുള്ള കാലയളവിനുള്ളില്‍ നിര്‍മിതി പൂര്‍ത്തിയാക്കും. ശ്രീകോവില്‍, സോപാനം, കൊടിമരം, മുഖമണ്ഡപം, നമസ്‌കാരമണ്ഡപം, വാതില്‍മാടം, വിളക്കുമാടം, ശീവേലിപ്പുര, പ്രദക്ഷിണവഴി, ഗോപുരങ്ങള്‍, ദീപസ്തംഭം തുടങ്ങിയവയ്ക്കുവേണ്ട പ്രധാനഭാഗങ്ങള്‍ ഇവിടെ നിര്‍മിച്ച ശേഷം വൃന്ദാവനത്തിലേക്ക് കൊണ്ടുപോകും.