പത്താം ക്ലാസ്സ് പരീക്ഷാ ചൂടിലേക്ക്; എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷക്ക് ഇന്ന് തുടക്കം, 20ന് അവസാനിക്കും
പത്താം ക്ലാസ് പരീക്ഷയുടെ അവസാന ഘട്ട തയ്യാറെടുപ്പായ മോഡല്‍ പരീക്ഷക്ക് ഇന്ന് തുടക്കം. ഇന്നുമുതല്‍ 20 വരെയാണ് പരീക്ഷ നടക്കുന്നത്.മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിർണ്ണയം നടത്തി ഈ മാസം 25-നകം തന്നെ വിദ്യാർത്ഥികള്‍ക്ക് കൈമാറണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. വരാനിരിക്കുന്ന എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികള്‍ക്ക് അവരുടെ മികവ് എത്രത്തോളമെന്ന് മനസ്സിലാക്കുന്നതിനായാണ് മോഡല്‍ പരീക്ഷ നടത്തുന്നത്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന എസ്‌എസ്‌എല്‍സി പൊതുപരീക്ഷ മാർച്ച് അഞ്ചിന് ആരംഭിച്ച് 30 ഓടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ കഴിഞ്ഞാലുടൻ ഏപ്രില്‍ ഏഴ് മുതല്‍ ടാബുലേഷൻ നടപടികള്‍ പൂർത്തിയാക്കി മെയ് എട്ടോടെ ഫലം പ്രഖ്യാപിക്കാനാണ് പരീക്ഷാ ബോർഡിൻ്റെ തീരുമാനം.
പൊതുപരീക്ഷയുടെ അതേ മാതൃകയിലുള്ള ചോദ്യപേപ്പർ ആയതിനാല്‍ സമയക്രമം ശീലിക്കാൻ മോഡല്‍ പരീക്ഷ എല്ലാ വിദ്യാർത്ഥികളും ഉപയോഗപ്പെടുത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം. പരീക്ഷ തുടങ്ങുന്നതിന് മുൻപ് ലഭിക്കുന്ന ആ 15 മിനിറ്റ് സമയത്ത് ചോദ്യങ്ങള്‍ എല്ലാം ശ്രദ്ധാപൂർവ്വം വായിക്കുക. ഏറ്റവും എളുപ്പമുള്ളതും ഉറപ്പുള്ളതുമായ ഉത്തരങ്ങള്‍ ആദ്യം എഴുതാനായി പ്ലാൻ ചെയ്യുക. മോഡല്‍ പരീക്ഷയിലെ പല ചോദ്യങ്ങളും അതേപടിയിലോ അല്ലെങ്കില്‍ ചെറിയ മാറ്റങ്ങളോടെയോ മെയിൻ പരീക്ഷയ്ക്ക് വരാൻ സാധ്യതയുണ്ട്. അതിനാല്‍ പരീക്ഷയെ നിസാരമായി കാണരുത്.
