Latestകേരളം

എസ്‌എടി ആശുപത്രിയില്‍ യുവതി അണുബാധയേറ്റ് മരിച്ച സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

തിരുവനന്തപുരം കരിയ്ക്കകം സ്വദേശി ശിവപ്രിയ അണുബാധയേറ്റ് മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.നിലവിലെ അന്വേഷണത്തില്‍ ‌ വിശ്വാസമില്ല . വീഴ്ച വന്നത് എസ്‌എടി ആശുപത്രിയുടെ ഭാഗത്തുനിന്ന് തന്നെയാണ് . സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

പ്രസവത്തിന് പിന്നാലെ മരിച്ച ശിവപ്രിയക്ക് അണുബാധയേറ്റത് തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ നിന്നെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള നാലംഗ വകുപ്പ് മേധാവിമാർ നിലവില്‍ സംഭവം അന്വേഷിക്കുന്നത്. വെള്ളിയാഴ്ച റിപ്പോർട്ട് നല്‍കണമെന്നാണ് നിർദേശം.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ ഗീത, ക്രിട്ടിക്കല്‍ കെയർ വിഭാഗം മേധാവി ഡോക്ടർ ലത, സർജറി വിഭാഗം എച്ച്‌ഒഡി ഡോക്ടർ സജികുമാർ, കോട്ടയം മെഡിക്കല്‍ കോളജിലെ ഇൻഫെക്ഷൻ ഡിസീസ് മേധാവി ഡോക്ടർ ജൂബി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍. ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും എസ്‌എടി ആശുപത്രിയിലെ ചികിത്സാ രേഖകളടക്കം അന്വേഷണസംഘം പരിശോധിക്കും. ശിവപ്രിയയുടെ കുടുംബത്തിന്റെ മൊഴിയും വിദഗ്ധസംഘം രേഖപ്പെടുത്തും.

എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചതിനുശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. നാളെ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി വെള്ളിയാഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നല്‍കും. ഇതിനുശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനീക്കം.