പരിസ്ഥിതി ഓസ്‌കര്‍ ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്

ലണ്ടന്‍: ‘പരിസ്ഥിതി ഓസ്‌കര്‍’ എന്നറിയപ്പെടുന്ന ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിട കർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതാണ് ഖെയ്തിയുടെ പ്രവർത്തനങ്ങൾ.

ബ്രിട്ടണിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് അവാർഡ് ഏർപ്പെടുത്തിയത്. 10 ലക്ഷം പൗണ്ട് (ഏകദേശം 10 കോടി രൂപ) ആണ് സമ്മാനത്തുക. വെള്ളിയാഴ്ച വൈകുന്നേരം ബോസ്റ്റണിൽ നടന്ന ചടങ്ങിൽ അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പരിസ്ഥിതി സംരക്ഷണവും പുനരുജ്ജീവനവും എന്ന വിഭാഗത്തിലാണ് ഖെയ്തിക്ക് പുരസ്കാരം ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ നേരിടുന്ന ചെറുകിട കർഷകർക്ക് കുറഞ്ഞ ചെലവിൽ വിളവ് വർധിപ്പിക്കാനും ഉപജീവനമാർഗം മെച്ചപ്പെടുത്താനുമുള്ള അവസരങ്ങൾ ഒരുക്കുകയാണ് ഖെയ്തിയുടെ ലക്ഷ്യം. ഭൂമി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമങ്ങൾക്ക് നൽകുന്ന പുരസ്കാരത്തിലൂടെ ശോഭനമായ ഭാവിയുണ്ടാകുമെന്ന് അവാർഡ് ദാന ചടങ്ങിൽ വില്യം രാജകുമാരൻ പറഞ്ഞു. ഇന്ത്യയിലെ 100 ദശലക്ഷം വരുന്ന ചെറുകിട കർഷകരിൽ ഏറ്റവും ദരിദ്രരായ കർഷകരെ സഹായിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഖെയ്തി സഹസ്ഥാപകനും സിഇഒയുമായ കൗഷിക് കപ്പഗണ്ഡുലു പറഞ്ഞു.