33ാ മത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
2024ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ‘മഴയെത്തും മുൻപെ’ മികച്ച ടെലിവിഷൻ പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ഓപ്പണന്റ്’ എന്ന പരിപാടിയിലൂടെ അമോസ് ടി.ജി. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായി. ‘മഴയെത്തും മുൻപെ’യിലെ കൃഷ്ണചന്ദ്രൻ മികച്ച നടനും, ശ്രീധന്യ മികച്ച നടിക്കുമുള്ള പുരസ്കാരങ്ങൾക്ക് അർഹരായി.
കൗമുദി ടിവിയിലെ ‘വസുധ’ മികച്ച രണ്ടാമത്തെ ടെലിവിഷന്‍ പരമ്പരയ്ക്കുള്ള പുരസ്കാരം നേടി. മികച്ച ടെലി ഫിലിമിനുള്ള പുരസ്കാരം മഹേഷ് കുമാർ എം രചനയും സംവിധാനവും നിർവഹിച്ച ‘മൊളഞ്ഞി’ (20 മിനുട്ടിൽ കുറവ്), റിയ ദിനേഷ് സംവിധാനം ചെയ്ത ‘എഫ് ഫോർ ഫ്രീഡം’ (20 മിനുട്ടിൽ കൂടിയത്) എന്നിവയ്ക്ക് ലഭിച്ചു. ‘മറിമായം’ ആണ് മികച്ച ടിവി ഷോ. ‘ട്രാപ്പ്’ മികച്ച കുട്ടികളുടെ ഹ്രസ്വചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
ടെലിഫിലിമുകൾ പുലർത്തിയ നിലവാരം സീരിയലുകൾ പുലർത്തിയില്ല എന്ന ജൂറി നിരീക്ഷണം അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പങ്കുവച്ചു. സീരിയലുകളിൽ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു. ആവർത്തിച്ച് പഴകിയ പ്രമേയങ്ങളാണ് സീരിയലുകൾ പിന്തുടരുന്നതെന്നും അന്യഭാഷാ പരമ്പരകളുടെ അനുകരണമാണ് ഏറെയെന്നും വിമർശനം.
