തെരുവ് നായ ശല്യം; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. 26ന് കേസ് പരിഗണിക്കാമെന്ന് കോടതി സൂചിപ്പിച്ചിരുന്നെങ്കിലും അഭിരാമിയുടെ മരണം ചൂണ്ടിക്കാട്ടി അടിയന്തരമായി വാദം കേൾക്കണമെന്ന് അഭിഭാഷകൻ വി.കെ ബിജു ആവശ്യപ്പെടുകയായിരുന്നു.
സാബു സ്റ്റീഫൻ, ഫാ.ഗീവർഗീസ് തോമസ് എന്നിവരാണ് ഹർജിക്കാർ. തെരുവ് നായ്ക്കളുടെ അക്രമണം സംബന്ധിച്ച് 2016-ൽ കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് തേടുന്നത് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാണ്. തെരുവുനായ്ക്കളുടെ കടിയേറ്റ് ജീവൻ നഷ്ടപ്പെട്ട സംഭവവും സംസ്ഥാനത്ത് പരിഭ്രാന്തി പരത്തുന്നുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.