തമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്ക് ഇനി തമിഴിൽ എം.ബി.ബി.എസ് പാഠപുസ്തകങ്ങൾ ലഭിക്കും

ഈ വർഷം കോളേജിൽ ചേരുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ആദ്യമായി തമിഴിൽ പാഠപുസ്തകങ്ങൾ ലഭിക്കും. തമിഴ് മീഡിയം വിദ്യാർത്ഥികൾക്ക് മികച്ച ആശയപരമായ വ്യക്തതയും ധാരണയും നൽകുന്നതിനായി 4 പാഠപുസ്തകങ്ങൾ തമിഴിൽ വിവർത്തനം ചെയ്ത് പുറത്തിറക്കും. തമിഴ്നാട് ടെക്സ്റ്റ്ബുക്ക് ആൻഡ് എഡ്യൂക്കേഷണൽ സർവീസസ് കോർപ്പറേഷൻ (ടിഎൻടിഇഎസ്സി) ആദ്യ ഘട്ടത്തിൽ 25 മെഡിക്കൽ പാഠപുസ്തകങ്ങൾ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.

സംസ്ഥാനത്തുടനീളം 30 ഓളം പ്രൊഫസർമാരും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരും കഴിഞ്ഞ ഒരു വർഷമായി ഇംഗ്ലീഷ് പാഠപുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. “എംബിബിഎസ് വിദ്യാർത്ഥികൾക്കായി 13 പ്രധാന പാഠപുസ്തകങ്ങളുണ്ട്. അവയെല്ലാം ഘട്ടം ഘട്ടമായി വിവർത്തനം ചെയ്യാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. വിവർത്തനം ചെയ്ത പാഠപുസ്തകങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശയപരമായ വ്യക്തത നൽകും” ടിഎൻടിഇഎസ്സി ജോയിന്റ് ഡയറക്ടർ ടി ശങ്കര ശരവണൻ പറഞ്ഞു.