സപ്ലൈകോയിലേക്ക്സാധനങ്ങളെത്തിത്തുടങ്ങി

ഓണച്ചന്തകൾ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സപ്ലൈകോയിലേക്കുള്ള സാധനങ്ങൾ എത്തി തുടങ്ങി. പയർ, കടല, പഞ്ചസാര തുടങ്ങിയ സാധനങ്ങളൊക്കെ വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണുകളിൽ തിങ്കളാഴ്ച ലഭ്യമായി തുടങ്ങിയെന്ന് ഭക്ഷ്യ വകുപ്പ് അധികൃതർ പറഞ്ഞു.

വിലക്കയറ്റം പിടിച്ചു നിർത്താനും നടപടി തുടങ്ങി. പായ്ക്കറ്റിൽ വിൽക്കുന്ന നൂറോളം സാധനങ്ങൾക്ക് ഓണക്കാലത്ത് വിലക്കിഴിവ് ഉണ്ടാവും. അഞ്ചു മുതൽ അമ്പതു വരെ ശതമാനം വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാക്കാനാണ് ഭക്ഷ്യ വകുപ്പിന്റെ പദ്ധതി. ഇതിനായി കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചു.

തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് തിങ്കളാഴ്ച സാധനങ്ങൾ എത്തി തുടങ്ങിയത്. വരും ദിവസങ്ങളിലും തുടരും. മൂന്നോ നാലോ സാധനങ്ങളുടെ ശേഖരമേ തീർന്നിട്ടുള്ളൂ എന്നും വെള്ളിയാഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാക്കുമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.

വറ്റൽമുളകിന് ക്ഷാമം നേരിടുന്നതിനാൽ മുളകുപൊടി ലഭ്യമാക്കാനാണ് ശ്രമം. ക്ഷാമം നേരിടുന്ന വൻപയർ, കറുത്ത കടല എന്നിവക്ക് റീ-ടെൻഡർ ക്ഷണിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ഞ കാർഡുകാർ ഉൾപ്പെടെ ഏഴ് ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാനുള്ള ഭക്ഷ്യ വകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനം എടുത്തിട്ടില്ല. ബുധനാഴ്ച മന്ത്രിസഭ കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടായേക്കും.