Latestകേരളം

നവംബര്‍ ഒന്നു മുതല്‍ സ്ത്രീകള്‍ക്ക് വമ്ബൻ ഓഫറുമായി സപ്ലൈക്കോ

നവംബർ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവ് നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍.സപ്ലൈകോ നിലവില്‍ നല്‍കുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയില്‍ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയില്‍ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തില്‍ ഇതിനനുസൃതമായ മാർക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്കരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

നവംബർ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ ആരംഭിക്കും.

ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകള്‍ക്ക് 20 കിലോഗ്രാം അരി നല്‍കും. നിലവില്‍ ഇത് 10 കിലോഗ്രാം ആണ്. സപ്ലൈകോയിലെ ഉപഭോക്താക്കള്‍ക്ക് പ്രിവിലേജ് കാർഡുകള്‍ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്ചേസിലും പോയിന്റുകള്‍ ലഭിക്കുകയും, ഈ പോയിന്റുകള്‍ വഴി പിന്നീടുള്ള പർച്ചേസുകളില്‍ വിലക്കുറവ് ലഭിക്കുകയും ചെയ്യും.