വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ മതം നോക്കാതെ നടപടി വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. പരാതികൾക്ക് കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കാൻ സംസ്ഥാന സർക്കാരിനും പൊലീസിനും സുപ്രീം കോടതി നിർദേശം നൽകി. കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്നും എല്ലാ മതങ്ങളെയും ഒന്നായി കണക്കാക്കേണ്ട ഒരു രാജ്യത്ത് സംഭവിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തിന്‍റെ മതനിരപേക്ഷ സ്വഭാവം നിലനിർത്താൻ വിദ്വേഷ പ്രാസംഗികർക്കെതിരെ കർശന നടപടി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ നടപടിയെടുക്കാൻ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. സമീപകാലത്ത് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടത്തിയ ചില വിദ്വേഷ പ്രസംഗങ്ങളിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി. ഹർജിക്കാരനായ ഷഹീൻ അബ്ദുള്ള ചൂണ്ടിക്കാണിച്ച വിദ്വേഷ പ്രസംഗങ്ങളിൽ സ്വീകരിച്ച നടപടി സംസ്ഥാന സർക്കാരുകളെ അറിയിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.