പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ പൗരൻമാരുടെ നിയമപരവും ജനാധിപത്യപരവും മതേതരവുമായ അവകാശങ്ങളെ ലംഘിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നം പരിഹരിക്കാനാണ് നിയമം കൊണ്ടുവന്നതെന്ന് കാണിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. നിയമഭേദഗതിക്കെതിരായ ഹർജികൾ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതപീഡനം നേരിടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് പൗരത്വം നൽകുന്നതിനാണ് പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ട ദശാബ്ദങ്ങൾ പഴക്കമുള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണിത്. ഇത് രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി.

നിയമം വിവേചനപരമല്ല. വിവിധ രാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന മുസ്ലീങ്ങളെ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. അയൽ രാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണെന്ന് തീരുമാനിക്കാന്‍ പാർലമെന്റിന് അധികാരമുണ്ട്. നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.