ടി20 ലോകകപ്പ്; അഫ്ഗാനിസ്ഥാൻ പുറത്ത്, തകർത്ത് ശ്രീലങ്ക

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജയത്തോടെ ഏഷ്യൻ ചാമ്പ്യൻമാർക്ക് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമായി നിലനിർത്താനുമായി. ധനഞ്ജയ ഡിസിൽവ 66 (42) റൺസ് നേടി. അഫ്ഗാനിസ്ഥാൻ ഇതോടെ ലോകകപ്പിൽ നിന്ന് പുറത്തായി.

വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപ്പണര്‍ പാത്തും നിസംഗ 10(10) യെ മുജീബ് ഉര്‍ റഹ്‌മാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പവർപ്ലേ അവസാനിക്കുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലായിരുന്നു. രണ്ടാം വിക്കറ്റിൽ കുസാല്‍ മെന്‍ഡിസുമായി 25(27) ചേർന്ന് 34 റൺസ് കൂട്ടിച്ചേർത്ത ഡിസിൽവ മൂന്നാം വിക്കറ്റിൽ ചാരിത് അസലങ്ക 19(18)യ്‌ക്കൊപ്പം 54 റൺസും കൂട്ടിച്ചേർത്തു. ഭാനുക രജപക്സെക്കൊപ്പം നാലാം വിക്കറ്റിൽ 18(14) 42 റൺസും കൂട്ടിച്ചേർത്തു.

ആറ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ധനഞ്ജയ ഡിസിൽവയുടെ ഇന്നിങ്സ്. ക്യാപ്റ്റൻ ദസുൻ ഷനക 0*(0) പുറത്താകാതെ നിന്നു. 4 മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളടക്കം 4 പോയിന്‍റാണ് ശ്രീലങ്കയ്ക്കുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അവർ ഇംഗ്ലണ്ടിനെ നേരിടും.