ടി20 ലോകകപ്പ് ടീം; താരങ്ങളെ തഴഞ്ഞെന്ന വിമർശനത്തിനെതിരെ ഗാവസ്‍കർ

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മുൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും ദിലീപ് വെങ്സാർക്കറും പല കളിക്കാരെയും ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ.

ശ്രേയസ് അയ്യരെയും മുഹമ്മദ് ഷമിയെയും ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അസ്ഹറുദ്ദീൻ ട്വീറ്റ് ചെയ്തു. ദീപക് ഹൂഡയ്ക്ക് പകരം ശ്രേയസ് അയ്യരും ഹർഷൽ പട്ടേലിന് പകരം മുഹമ്മദ് ഷമിയും കളിക്കണം. തൊട്ടുപിന്നാലെ മുൻ ചീഫ് സെലക്ടർ കൂടിയായ ദിലീപ് വെങ്സർക്കറും ടീം സെലക്ഷനെ രൂക്ഷമായി വിമർശിച്ചു. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, മുഹമ്മദ് ഷമി, ഉമ്രാൻ മാലിക്, ശുഭ്മാൻ ഗിൽ എന്നിവരെ കൊണ്ടുവരുമായിരുന്നു. കാരണം മൂവർക്കും മികച്ച ഐപിഎല്‍ സീസണുണ്ടായിരുന്നു എന്നുമായിരുന്നു വെങ്സർക്കറുടെ വാക്കുകള്‍.

മുൻ താരങ്ങളുടെ നിലപാട് സുനിൽ ഗവാസ്കർ തള്ളിക്കളഞ്ഞു. “ഞാൻ ഈ ടീമിൽ വിശ്വസിക്കുന്നു. ഏതൊരു ടീമിനും ട്രോഫി നേടാൻ കുറച്ച് ഭാഗ്യം ആവശ്യമാണ്. ടീമിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നമ്മളതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. കളിക്കാരെ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും ചോദ്യം ചെയ്യപ്പെടരുതെന്നും” ഗവാസ്കർ പറഞ്ഞു.