Latestകേരളം

പ്രിൻസിപ്പല്‍മാർ ക്ലർക്കിന്റെ ജോലികള്‍ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി വിഭാഗത്തില്‍ പ്രിൻസിപ്പല്‍മാർ ക്ലർക്കിന്റെ ജോലികള്‍ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്.സാമ്ബത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകള്‍ അനുവദിക്കാൻ കഴിയില്ലെന്നും, അതിനാല്‍ ക്ലർക്കുമാരുടെ ജോലികള്‍ കൂടി പ്രിൻസിപ്പല്‍മാർ ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇത് അധ്യാപക സംഘടനകളില്‍ നിന്നും വലിയ വിമർശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയർ സെക്കൻഡറി വിഭാഗത്തില്‍ ഒരു മുഴുവൻ സമയ ക്ലർക്കിന്റെ ആവശ്യമില്ലെന്നും, പ്രിൻസിപ്പല്‍മാരുടെ അധ്യാപന സമയം ആഴ്ചയില്‍ എട്ട് പീരിയഡായി കുറച്ചത് ഈ അധിക ജോലികള്‍ കൂടി ചെയ്യാനാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ ഹയർ സെക്കൻഡറി അധ്യാപകർക്ക് ശരാശരി ഒരു ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ജോലിഭാരമില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഈ ഉത്തരവിലെ പരാമർശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും, ഇത് പിൻവലിച്ച്‌ ആവശ്യമായ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്