Latestകേരളം

കോളേജ് അദ്ധ്യാപികയുടെ അപകട മരണം: അജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്

കഞ്ചിക്കോട് : ഓണാഘോഷത്തിനായി കോളേജിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ അപകടത്തില്‍ കോളേജ് അദ്ധ്യാപിക മരിച്ചത് അജ്ഞാത വാഹനമിടിച്ചല്ലെന്ന നിഗമനത്തില്‍ പൊലീസ്.ചക്കാന്തറ കൈകുത്തി പറമ്ബ് ഗേസ് കേ കോളനിയില്‍ വിപിന്റെ ഭാര്യയും കോയമ്ബത്തൂ‌ർ എ.ജെ.കെ കോളേജിലെ എച്ച്‌.ഒ.ഡിയുമായ ആൻസി(36) ആണ് മരിച്ചത്.

സിസിടിവി പരിശോധനയില്‍ സ്കൂട്ടറിനുപിന്നില്‍ മറ്റ് വാഹനങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. നിയന്ത്രണം തെറ്റിയ സ്കൂട്ടർ ഡിവൈഡറിലും സുരക്ഷാ കവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്ബുകമ്ബിയിലും ഇടിച്ചുകയറി സർവീസ് റോഡിലേക്ക് തെറിച്ചുവീണായിരുന്നു അപകടം എന്ന് പ്രാഥമിക പരിശോധയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്താൻ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.ഇത് പൂർത്തിയാകുമ്ബോഴേക്കും അപകട കാരണത്തെക്കുറിച്ച്‌ വ്യക്തത വരുമെന്നാണ് വാളയാർ ഇൻസ്പെകടർ എൻഎസ് രാജീവ് അറിയിച്ചു.

കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. അപകടത്തില്‍ ആൻസിയുടെ വലതു കൈ മുട്ടിനു താഴെ വേർപെട്ടു പോയിരുന്നു. സർവീസ് റോഡില്‍ ഒരു സ്ത്രീ കിടക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റവേയാണ് മരണം സംഭവിച്ചത്. മക്കള്‍: ആസ്റ്റിൻ, അല്‍സ്റ്റൻ.