സംസ്ഥാനത്ത് താപനിലയില്‍ 2-4 ഡിഗ്രി വര്‍ദ്ധന; ചൂട് ഇനിയും ഉയരും
പാലക്കാട്: സംസ്ഥാനത്ത് പകല്‍സമയത്ത് ചൂട് വർദ്ധിക്കുന്നു. മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. ഫെബ്രുവരി തുടക്കത്തില്‍ തന്നെ പാലക്കാട് ജില്ലയിലെ ശരാശരി താപനില 33-35 ഡിഗ്രിയാണ്.ഈ മാസം 2ന് കണ്ണൂർ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 37 ഡിഗ്രി സെല്‍ഷ്യസാണ് കേരളത്തില്‍ ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. പാലക്കാടിന് പുറമേ കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും ശരാശരി 4 ഡിഗ്രിവരെ ചൂട് ഉയരാൻ സാദ്ധ്യതയുണ്ട്. ഇവിടങ്ങളില്‍ രാത്രികാല താപനിലയും കൂടുതലായിരിക്കും.
കനത്ത ചൂടില്‍ തുടർച്ചയായി വെയില് ഏല്‍ക്കുന്നതും ജോലി ചെയ്യുന്നതും ശാരീരിക അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂടിനെ അപകടകരമാക്കുന്നത്. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർത്ഥ താപനിലയെക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നിരിക്കും. വിയർപ്പ് ബാഷ്പീകരിക്കാത്തതിനാല്‍ ശരീരം തണുക്കാൻ വൈകുന്നതാണ് അസ്വസ്ഥതയ്ക്കു കാരണം. ശക്തിയേറിയ വെയില് അള്‍ട്രാവയലറ്റ് സൂചിക ഉയരാൻ ഇടയാക്കും. വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ചൂടുയർത്താൻ എല്‍ നിനോയും
ഭൗമ താപനിലയിലെ വർദ്ധനയ്ക്കൊപ്പം പ്രാദേശികമായ പ്രതിഭാസങ്ങളും ചൂടു കൂടുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന ‘എല്‍ നിനോ’ പ്രതിഭാസം കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴ കുറയാനും വരണ്ട കാലാവസ്ഥയ്ക്കും ഇടയാക്കിയിട്ടുണ്ട്. അന്തരീക്ഷത്തിന്റെ മുകള്ത്തട്ടിലുണ്ടാകുന്ന വായുവിന്റെ മർദവ്യതിയാനങ്ങള്‍ കാറ്റിന്റെ ഗതി തടസപ്പെടുത്തുകയും ഭൂമിയില്‍ നിന്നുള്ള ചൂട് പുറത്തേക്കു പോകുന്നത് തടയുകയും ചെയ്യുന്നു. കടല്‍ക്കാറ്റിന്റെ ശക്തി കുറഞ്ഞതു തീരദേശ മേഖലകളിലും കനത്ത ചൂടിനു കാരണമായിട്ടുണ്ട്.
