ഗുരുതരമായ സാഹചര്യം, കഴിഞ്ഞ 24 മണിക്കൂറിൽ 2 ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിൽ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴയെത്തിയെങ്കിലും, വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും, ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇൻഡകസ് 10 ആണ്. കോട്ടയം ചങ്ങനാശ്ശേരിയിലും പാലക്കാട് തൃത്താലയിലും 9ഉം, മലപ്പുറം പൊന്നാനിയിൽ 8ഉം യുവി ഇൻഡക്സ് രേഖപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോളിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 6 മുതൽ 7 വരെ യുവി ഇൻഡക്സ് ഉള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്.