ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി: വെന്തുരുകി നാട്

കണ്ണൂർ:ജില്ലയിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പ്രഖ്യാപിച്ചു.

സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും.

കിടപ്പുരോഗികൾ, ഗർഭിണികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

നിർമാണത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണം. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടി ഇടുന്നതും ഒഴിവാക്കണം. ജല ലഭ്യതയും ഉറപ്പാക്കുക.കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും വൈദ്യ സഹായം തേടുകയും ചെയ്യുക.