ടെസ്‌ലയുടെ ഇലക്ട്രിക് ട്രക്ക് ഡിസംബറിൽ എത്തും

ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടെസ്‌ലയുടെ ആദ്യ ട്രക്ക് ഡിസംബറിൽ ഉടമയ്ക്ക് കൈമാറും. 2017ൽ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ 100 ട്രക്കുകൾക്ക് ഓർഡർ നൽകിയ പെപ്സികോയ്ക്കാണ് ആദ്യ ട്രക്ക് നൽകുക. ആദ്യ വാഹനം ഡിസംബർ ഒന്നിന് എത്തുമെന്ന് എലോൺ മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു.

അമേരിക്കയിലെ നെവാഡ മരുഭൂമിയിലെ ടെസ്‌ലയുടെ ജിഗാ ഫാക്ടറിയിൽ നിന്നാണ് ട്രക്ക് പുറത്തിറങ്ങുക. ആഴ്ചയിൽ അഞ്ച് ട്രക്കുകൾ വീതം പുറത്തിറക്കുമെന്ന് ടെസ്‌ല അറിയിച്ചു. ഒറ്റ ചാർജിൽ ഫുൾ ലോഡുമായി വാഹനം 805 കിലോമീറ്റർ ഓടുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. 

ടെസ്‌ല ട്രക്കിന് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 97 കിലോമീറ്റർ വേഗത കൈവരിക്കാൻ ആകെ ആവശ്യം 20 സെക്കൻഡ് ആണ്. ലോഡ് ഇല്ലെങ്കിൽ ഇത് വെറും 5 സെക്കൻഡ് ആകും. ശരാശരി വേഗത മണിക്കൂറിൽ 105 കിലോമീറ്ററാണ്. ഗിഗാ ഫാക്ടറിയിൽ നിന്ന് കാലിഫോർണിയയിലെ ടെസ്‌ല കാർ ഫാക്ടറിയിലേക്ക് ലോഡുകൾ നിറച്ച രണ്ട് ട്രക്കുകളുടെ പരീക്ഷണ ഓട്ടം നടത്തിയാണ് മസ്ക് ഇലക്ട്രിക് ട്രക്കിന്‍റെ വരവ് പ്രഖ്യാപിച്ചത്. വാൾമാർട്ട്, ഡിഎച്ച്എൽ, പെപ്സികോ തുടങ്ങിയ വമ്പൻ കമ്പനികളാണു നൂറു കണക്കിന് ട്രക്കുകൾക്ക് ഓർഡർ നൽകി കാത്തിരിക്കുന്നത്.