അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി; തളിപ്പറമ്പ് നഗരസഭയ്ക്ക് ലഭിച്ചത് 3.77 ലക്ഷം
കന്നുകാലികളെ കെട്ടിയിട്ട് വളർത്താതെ തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിയാൻ വിടുന്നവർക്ക് എട്ടിന്‍റെ പണിയുമായി തളിപ്പറമ്ബ് നഗരസഭ.ഇത്തരത്തില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുക വഴി നഗരസഭയ്ക്കുണ്ടായ വരുമാനം 3.77 ലക്ഷം രൂപയാണ്. നഗരത്തില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ പരിഹാരത്തിന് മറ്റു മാർഗങ്ങളില്ലാതായതോടെയാണ് തളിപ്പറമ്ബ് നഗരസഭ കന്നുകാലികളെ പിടിച്ചു കെട്ടാൻ ആളെ നിയോഗിച്ചത്.
തുടക്കത്തില്‍ പല തരത്തിലുള്ള എതിർപ്പും ചില്ലറ പൊല്ലാപ്പുകളും ഉണ്ടായെങ്കിലും തീരുമാനം ഫലംകണ്ടു തുടങ്ങിയിട്ടുണ്ട്. ചെലവ് കഴിച്ച് നല്ലൊരു വരുമാനവും നഗരസഭയ്ക്ക് ലഭിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുകവഴി നഗരസഭയ്ക്കുണ്ടായ വരുമാനം 3.77 ലക്ഷം രൂപയാണ്.
പിടിത്തക്കൂലിയും മറ്റു ചെലവുകളും ഈ വരുമാനത്തില്‍നിന്ന് നല്‍കിയാലും നല്ലൊരു തുക മിച്ചമുണ്ടാകും. 22 പശുക്കളെയാണ് രണ്ടു മാസത്തിനകം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചുകെട്ടിയത്. ഇവയില്‍ രണ്ടെണ്ണം ലേല നടപടികള്‍ക്ക് കാത്തുനില്‍ക്കുന്നവയാണ്. വെള്ളിയാഴ്ച നാല് പശുക്കളെ ലേലംചെയ്ത വകയില്‍ 1,00,900 രൂപ നഗരസഭയ്ക്ക് ലഭിച്ചു.
പിടിച്ചുകെട്ടിയ ചില പശുക്കളുടെ യഥാർഥ ഉടമകള്‍ എത്തി പിഴയടച്ചാണ് കൊണ്ടുപോയത്. യഥാർഥ ഉടമയാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമാണ് പിഴ ഈടാക്കുന്നത്. ഇവയെ വീണ്ടും പിടികൂടിയാല്‍ കടുത്ത നടപടിയുണ്ടാകും. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്ന നടപടി ഇനിയും ശക്തിപ്പെടുത്തുമെന്ന് വൈസ് ചെയർമാൻ കല്ലിങ്കീല്‍ പദ്മനാഭൻ പറഞ്ഞു.