തളിപ്പറമ്പിൽ വാഹനാപകടം; ലോറിക്കടിയിലേക്ക് തെന്നിവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
തളിപ്പറമ്പ് : ദേശീയപാതയിൽ ചിറവക്കിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഏഴോം കൊട്ടില സ്വദേശി ഇ.വി. സൽഗുണൻ (45) ആണ് മരിച്ചത്. തളിപ്പറമ്പ് നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തിവരികയായിരുന്നു ഇദ്ദേഹം.
സൽഗുണൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് ചരിഞ്ഞു വീഴുകയായിരുന്നു. ഈ സമയം സമീപത്തുകൂടി കടന്നുപോവുകയായിരുന്ന ലോറിയുടെ അടിയിലേക്ക് ഇദ്ദേഹം വീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
