ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് ഡിഗ്രി വിദ്യാർത്ഥി മരിച്ചു
ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ ബുള്ളറ്റ് ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് ഡിഗ്രി വിദ്യാർത്ഥി മരിച്ചു.ബൈക്ക് യാത്രികനായിരുന്ന കുപ്പം മദീന നഗറിലെ കെ.എം.സിദ്ദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശിനി മുംതാസിന്റെയും മകൻ ഷാമില്‍ മുഹമ്മദ് (19) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് സയ്യിദ് നഗറിലെ ഫസലിനെ (20) ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11.20-ഓടെ പുഷ്പഗിരി നിലംപതിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. റോഡരികില്‍ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാർ ഷാമിലിനെയും ഫസലിനെയും കണ്ടത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷാമില്‍ മരണമടയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫസല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തളിപ്പറമ്ബ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ച് ബുള്ളറ്റ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അമിത വേഗതയില്‍ വന്ന ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് തളിപ്പറമ്ബ് പോലീസ് പറഞ്ഞു.
