പ്രായപരിധി നടപ്പാക്കും; ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പ്രായപരിധി പാർട്ടിയിൽ നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗനിർദ്ദേശങ്ങളാണ് നടപ്പാക്കുന്നത്. താഴേത്തട്ടിലുള്ള സമ്മേളനങ്ങളിൽ പ്രായപരിധി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. പ്രായപരിധി നടപ്പാക്കുന്നതിനെക്കുറിച്ച് ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ല. അത് ദിവാകരന്‍റെ തെറ്റാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിക്ക് മൂന്ന് ടേം തുടരാമെന്ന് പാർട്ടി ഭരണഘടനയിൽ പറയുന്നു. നാലാം ടേമിൽ എത്താൻ നാലിൽ മൂന്ന് ഭൂരിപക്ഷം വേണം. സെക്രട്ടറി സ്ഥാനത്തേക്ക് മുമ്പും നിരവധി പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. വിമർശിക്കുന്നവർ പാർട്ടി ഭരണഘടന വായിക്കണമെന്നും കാനം പറഞ്ഞു.

പ്രായപരിധി നിശ്ചയിക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് മുൻ മന്ത്രിയും സി.പി.ഐ എക്സിക്യൂട്ടീവ് അംഗവുമായ സി.ദിവാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രായപരിധി പാർട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അത് നടപ്പാക്കണമെങ്കിൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടിരുന്നു.