മകന്റെ നിയമനം എല്ലാ നടപടിക്രമങ്ങളും പാലിച്ച്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തന്‍റെ മകന് നിയമാനുസൃതമായാണ് ജോലി ലഭിച്ചതെന്നും ഒരു തരത്തിലുമുള്ള അസ്വാഭാവിക ഇടപെടലും ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
“മൂന്ന് മാസം മുമ്പത്തെ നിയമനത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്ന് തന്നെ നൽകുന്നത് എന്തുകൊണ്ടാണെന്ന് ചോറ് കഴിക്കുന്ന എല്ലാവർക്കും അറിയാം. 100 ശതമാനം വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കും”.
‘എല്ലാവരേയും പോലെ, എന്‍റെ മകനും നാല് പ്രധാന പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചു. പൂര്‍ണമായും നടപടിക്രമങ്ങള്‍ പാലിച്ചാണിത്. സിപിഐഎമ്മിന് വേണ്ടിയാണ് വാര്‍ത്തയെഴുതുന്നതെങ്കില്‍ എന്നെ അതില്‍പെടുത്തേണ്ട. ഇതൊരു സാധാരണ ജോലി മാത്രമാണ്’. ബിജെപി അധ്യക്ഷന്‍ പറഞ്ഞു.