പന്തിനെ പുറത്താക്കിയതല്ല; റിലീസ് ചെയ്‌തത് സ്വന്തം അപേക്ഷയിലെന്ന് റിപ്പോർട്ട്

മിർപുർ (ബംഗ്ലദേശ്): ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ നാടകീയമായി ടീമിൽ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ തന്നെ താത്പര്യപ്രകാരമെന്ന് റിപ്പോർട്ട്. പരിക്ക് കാരണവും ഫോമിൽ അല്ലാത്തതിനാലും തനിക്ക് വിശ്രമം ആവശ്യമാണെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും പന്ത് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ധാക്കയിലെത്തിയ ഉടൻ തന്നെയാണ് ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് പന്ത് അഭ്യർത്ഥിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ പന്തിന്‍റെ റിലീസിന് പിന്നിലെ യഥാർത്ഥ കാരണം ബിസിസിഐ മറച്ചുവയ്ക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരുന്നു. പന്തിനെ ടീം മാനേജ്മെന്‍റ് വളരെയധികം ആശ്രയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന വെളിപ്പെടുത്തൽ.

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ബംഗ്ലദേശ് ക്യാപ്റ്റൻ ലിന്റൻ ദാസ് ടോസ് നേടിയതിനു പിന്നാലെയാണ് ടീമിലില്ലെന്ന് ഇന്ത്യൻ താരങ്ങൾ പോലും അറിഞ്ഞത്. അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കിയെന്നും ടെസ്റ്റ് ടീമിൽ പന്ത് തിരിച്ചെത്തുമെന്നും ബിസിസിഐ പിന്നീട് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പന്തിന് പകരക്കാരനായി ആരെയും പ്രഖ്യാപിക്കില്ലെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.