ഷാരോണിൻ്റെ മരണം; രക്തപരിശോധനാഫലം പുറത്ത്, ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ല
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിൻ്റെ മരണത്തില്‍ രക്തപരിശോധനാ ഫലം പുറത്ത്.
തുടക്കത്തിൽ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്നാണ് പരിശോധനാഫലത്തിൽ കണ്ടെത്തിയത്. ഈ മാസം 14ന് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയത്. ദിവസങ്ങൾക്ക് ശേഷം വൃക്കകളും കരളും തകരാറിലായി.
ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള പെൺസുഹൃത്തിൻ്റെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണ കാരണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി.
ആദ്യം പാറശ്ശാല ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സുഹൃത്തിനൊപ്പമാണ് ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത്.