മഴ ഭീതി ഒഴിഞ്ഞു; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് താഴുകയാണ്. ഇടുക്കിയിലെ ജലനിരപ്പ് 2387.32 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാർ ഡാമിന്‍റെ സ്പിൽവേയുടെ മൂന്ന് ഷട്ടറുകൾ അടച്ചതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് 4000 ക്യുബിക് അടിയായി കുറഞ്ഞു.

പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി. ക്യാമ്പുകളിലുള്ളവർ ഇന്ന് വീടുകളിലേക്ക് മടങ്ങും. രണ്ട് ഡാമുകളിലും ഇന്ന് മുതൽ പുതിയ റൂൾ കർവ് പ്രാബല്യത്തിൽ വരും. ഇടുക്കി ഡാമിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്‍റെ അളവ് ഇന്ന് മുതൽ കുറയാനാണ് സാധ്യത.

മുല്ലപ്പെരിയാറിൽ നിന്ന് ഇപ്പോൾ എത്തുന്ന വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുന്നതിനാൽ കൂടുതൽ വെള്ളം തുറന്നുവിടേണ്ടെന്നാണ് റൂൾ കർവ് കമ്മിറ്റിയുടെ തീരുമാനം. തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. റോഡിനും കേടുപാടുകൾ സംഭവിച്ചു. ഇത് കണക്കിലെടുത്താണ് ഇടുക്കിയിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാൻ തീരുമാനിച്ചത്.