ലീഗ് തീവ്ര നിലപാടുകാരോട് സന്ധി ചെയ്യുന്നു; വർഗീയ പാർട്ടി അല്ലെന്നും കാനം

തിരുവനന്തപുരം: ലീഗിനെ പുകഴ്ത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നടപടിയിലൂടെ യു.ഡി.എഫിൽ ഐക്യമുണ്ടായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്‍റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണം സംബന്ധിച്ച് എൽ.ഡി.എഫിൽ തീരുമാനമായിട്ടില്ല. മുസ്ലീം ലീഗ് പഴയ ലീഗല്ല. ലീഗ് ഇപ്പോൾ തീവ്ര നിലപാടുകാരോട് സന്ധി ചെയ്യുന്നുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിനെയോ എസ്.ഡി.പി.ഐ.യെയോ പോലെ വർഗീയ പാർട്ടിയല്ല മുസ്ലിം ലീഗെന്നും കാനം പറഞ്ഞു.

മുസ്ലിം ലീഗിന്‍റെ നിലപാടിനെ തുടർന്ന് തിരുത്തിയെന്ന് പറയുന്നതിനൊപ്പം കോൺഗ്രസ് തങ്ങളുടെ നിലപാട് പുനഃപരിശോധിച്ചുവെന്നും പറയാം. അതിനാൽ തന്നെ കോൺഗ്രസ് ആദ്യം സ്വീകരിച്ച നിലപാട് ശരിയല്ല. സംസ്ഥാനങ്ങളിൽ ഗവർണർമാർ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ചിന്തിക്കുമ്പോൾ കേരളത്തിൽ മാത്രം കോൺഗ്രസ് അത് ചെയ്യാത്തത് ശരിയാണോ? ആ നിലപാട് തിരുത്താൻ കോൺഗ്രസ് തയ്യാറായി.

ലീഗിന്‍റെ നിലപാട് വ്യക്തമാക്കേണ്ടത് അവരാണ്. അവർ മതനിരപേക്ഷ പാർട്ടിയായിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ ലീഗ് ക്രമേണ മാറി. എന്നാൽ എസ്.ഡി.പി.ഐയെപ്പോലുള്ള പാർട്ടികളെപ്പോലെ ലീഗിനെ ആരും കാണുന്നില്ല. മുസ്ലിം സമുദായത്തിനിടയിൽ ഭൂരിപക്ഷ വർഗീയത വരുത്തിയ മാറ്റത്തിന്‍റെ ഫലമാണിത്. കടുത്ത നിലപാട് സ്വീകരിക്കുന്നവരുമായി ലീഗ് ഇടപഴകാൻ തുടങ്ങി. അതിനർത്ഥം ലീഗ് വർഗീയ പാർട്ടിയാണെന്നല്ല. എന്നാൽ ഇത്തരം കാര്യങ്ങളിൽ ലീഗിന്‍റെ നിലപാട് കമ്യൂണിസ്റ്റ് പാർട്ടികൾ മനസിലാക്കി അതിന്‍റെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.