ന്യൂനമർദം ശക്തമാകും; കേരളത്തിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: ആൻഡമാൻ കടലിന് മുകളിൽ രൂപം കൊണ്ട ന്യൂനമർദം വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ, കിഴക്കൻ ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. 23ന് രാവിലെയോടെ അതിതീവ്രന്യൂനമർദ്ദമായി മാറും. 24ന് രാവിലെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ട്.

25ന് രാവിലെ ബംഗ്ലാദേശ് തീരത്ത് നിന്ന് ടിങ്കൊണ ദ്വീപിനും സാൻഡ് വൈപിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൽഫലമായി, ശനിയാഴ്ച (ഒക്ടോബർ 22) കേരളത്തിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.